കൊച്ചി: ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനാകുമോ എന്ന കാര്യത്തില്‍ പഠനം തുടങ്ങി. സമഗ്ര സാധ്യതാ പഠനത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) നേതൃത്വത്തില്‍ ട്രാഫിക് സ്റ്റഡി നടത്തുന്നത്.
ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് വിമാനത്താവളത്തിലേക്കാണ് വാട്ടര്‍ മെട്രോ പരിഗണിക്കുന്നത്. ട്രാഫിക് പഠനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമേ ആലുവ-എയര്‍പോര്‍ട്ട് റൂട്ടിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ.
ബോട്ട് സര്‍വീസ് നടത്താന്‍ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ, യാത്രക്കാരുടെ പ്രതീക്ഷിത എണ്ണം എത്ര എന്നത് ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിശോധിക്കും. ആലുവയില്‍ നിന്ന് പെരിയാര്‍ വഴി വിമാനത്താവളത്തിലേക്കുള്ള ദൂരം ഏകദേശം എട്ട് കിലോമീറ്ററാണ്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാകുമെന്ന വിലയിരുത്തലും പദ്ധതിക്ക് പിന്നിലുണ്ട്.




