Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഞങ്ങള്‍ സഞ്ജുവിന്റെ നാട്ടുകാരാ’…. തന്റെ ജനത്തിന് പറുദീസ സമ്മാനിച്ച ഒരാള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ തോല്‍ക്കുക എന്ന ഒറ്റ വഴി മാത്രമേയുണ്ടായിരുന്നുള്ളൂ. റോബ് വാള്‍ട്ടര്‍ എന്ന ദക്ഷിണാഫ്രിക്കകാരന്‍ പതിനൊന്നിന് പകരം ഇരുപത് പേരെ അണിനിരത്തിയാലും നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ആ രാത്രി നീലക്കുപ്പായക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. കാലങ്ങളോളം ഡഗൗട്ടില്‍ തലതാഴ്ത്തി നിന്ന ഒരു മലയാളി ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് തന്റെ ജനതയ്ക്ക് പറുദീസ സമ്മാനിച്ച് ഉയിര്‍ത്തെഴുന്നേറ്റ ആ രാവില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കിവികള്‍ക്കെന്നല്ല, ആര്‍ക്കും ആവുമായിരുന്നില്ല. ഒരു കൊച്ചു സംസ്ഥാനത്തെ ജനതയെ മുഴുവന്‍ ഒരു രാത്രി ഉറങ്ങാതെ ഇരുത്താനായി എന്നത് ആ ജനതയ്ക്ക് അയാളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എത്രമാത്രം പ്രധാനമായിരുന്നു എന്നതിന്റെ നേര്‍ചിത്രമാണ്.

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യയിലെ സ്‌പോര്‍ട് കോളങ്ങളില്‍ മുഴുവന്‍ എഴുതപ്പെട്ടത് സഞ്ജുവിനെ കുറിച്ചായിരുന്നു. പക്ഷേ ഇന്നും അയാളെ കുറിച്ച് എഴുതാതിരിക്കാനാവില്ല. പ്രതിസന്ധികള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ അയാള്‍ നടത്തിയ പോരാട്ടത്തിന്റെ സാക്ഷ്യപത്രമാണത്. ഉയിര് കൊടുത്തും ഉറ്റവരെ കരക്കുകയറ്റുന്ന നാട്ടില്‍ നിന്നാണയാളുടെ വരവ്. അതുകൊണ്ട് തന്നെയാണ് കാലങ്ങളേറെ അപമാന ഭാരത്താല്‍ മുഖംതാഴ്ത്തി നിന്നൊരു ഭൂതകാലം വേട്ടയാടിയിട്ടും പതറാതെ പോരാടാന്‍ അയാള്‍ക്ക് സാധിച്ചത്.

അര്‍ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം പോലെയായിരുന്നു അഹമ്മദാബാദിലെ ആ രാത്രി. മൂന്നാം കിരീടം നേടി എന്നതിനപ്പുറം അത് മൃഗീയമായ ആധിപത്യത്തിലൂടെ തന്നെ നേടി എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. പോണ്ടിങ്ങിന്റെ വേട്ടനായ്ക്കളെ അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് മാറിയ ഇന്ത്യന്‍ ടീം. തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ വന്ന കിവികള്‍ എങ്ങനെയെങ്കിലും കളിയൊന്ന് കഴിഞ്ഞാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ച അവസ്ഥയിലേക്ക് എത്തിച്ചത് സഞ്ജുവും അഭിഷേകും ചേര്‍ന്ന കൂട്ടുകെട്ടാണ്. 46 പന്തില്‍ 5 ഫോറും 8 സിക്‌സും അടക്കം സഞ്ജു അടിച്ചത് 89 റണ്‍സ്. സെമിയിലും 89 റണ്‍സ്. അതിന് തൊട്ട് മുന്‍പ് നടന്ന, വിര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായ കളിയിലെ 97 റണ്‍സ്. വെറും അഞ്ച് മത്സരം മാത്രം കളിച്ച്, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആദ്യ ഇലവനില്‍ പോലും ഇല്ലാതിരുന്നയൊരാള്‍ ടൂര്‍ണമെന്റിലെ താരമാകുന്ന അത്ഭുത കാഴ്ച്ച.

കലാശപ്പോരില്‍ സഞ്ജു മറികടന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.2016-ല്‍ ഇംഗ്ലണ്ടിനെതിരേ 85 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സിന്റെയും 2021-ലെ ഫൈനലില്‍ 85 എടുത്ത വില്യംസണിന്റേയും റെക്കോര്‍ഡ് പഴങ്കഥയായി. സെമിയിലും ഫൈനലിലും അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി സഞ്ജു മാറി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരവും ഇനി സഞ്ജു. മറികടന്നതാകട്ടെ, സാക്ഷാല്‍ വിരാട് കൊഹ്ലിയേയും. ഒടുവില്‍ കൊഹ്ലി തന്നെ കുറിച്ചു- ‘നിങ്ങളെയോര്‍ത്ത് അഭിമാനം തോന്നുന്നു ചേട്ടാ’ എന്ന്. അതെ, ഇന്ന് രാജ്യം മൊത്തം അയാളെ വിളിക്കുന്നത് ചേട്ടന്‍ എന്നാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമെത്തി. പ്രോട്ടീസിനെതിരേ സഞ്ജുവിനെ ഇറക്കുമോ? എന്നാല്‍ ചെറിയൊരു പരിഹാസ ചിരിയോടെ, ആര്‍ക്ക് പകരം ഞാന്‍ സഞ്ജുവിനെ ഇറക്കണമെന്നാ നിങ്ങള്‍ ചോദിക്കുന്നത് എന്ന മറുപടിയാണ് സൂര്യ പറഞ്ഞത്. തൊട്ടടുത്ത കളിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അടപടലം തകര്‍ന്നു. അവിടുന്നങ്ങോട്ട് കിരീടം വരെ തന്റെ ചുമലിലാണ് ചേട്ടന്‍ 140 കോടിയുടെ അഭിമാനവും സ്വപ്‌നവും പേറിയത്. അന്ന് ചിരിച്ചുതള്ളിയ അതേ നായകന്‍ സഞ്ജുവിന് മുന്നില്‍ വണങ്ങി നില്‍ക്കുന്ന കാഴ്ചയും കണ്ടു.

പ്ലയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സഞ്ജു പറഞ്ഞത് ഇങ്ങനെ- കളിച്ചു തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ടതു മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. വളര്‍ച്ചയും വീഴ്ചകളുമെല്ലാം നിറഞ്ഞ ഒരു പ്രത്യേക യാത്രയായിരുന്നു എന്റേത്. പക്ഷേ ഞാന്‍ എന്നെത്തന്നെ സംശയിച്ചുകൊണ്ടേയിരുന്നു, ‘എങ്ങനെയാകും, പറ്റുമോ’ എന്നൊക്കെ ചിന്തിച്ചുകൊണ്ടേയിരുന്നു. പക്ഷേ ഞാന്‍ വിശ്വാസം കൈവിട്ടില്ല, ഇന്ന് ഏറെ സന്തോഷവാനാണ്’.

ലോകക്രിക്കറ്റില്‍ അധികമൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത, ശ്രീശാന്തിനപ്പുറം വലിയ പേരുകളില്ലാതിരുന്ന ഒരു കൊച്ചു സംസ്ഥാനത്ത് നിന്ന് ഒരു മലയാളി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറുന്ന കാഴ്ച. കോലിയേയും ധോനിയേയും പോലെ സഞ്ജുവും ബ്രാന്‍ഡായി മാറുന്നു. ക്രിക്കറ്റില്‍ നിങ്ങള്‍ക്കെന്തുണ്ട് എന്ന് ആരെങ്കിലും ചോദിച്ചാല്‍ സഞ്ജുവുണ്ട് എന്ന് മലയാളിക്ക് അഭിമാനത്തോടെ പറയാവുന്നത്ര വലിയ ബ്രാന്‍ഡായി അയാള്‍ വളരുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. സഞ്ജുവിന്റെ പോരാട്ടത്തിന്റേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും കഥകള്‍ ഇനി നമുക്ക് തലമുറകളോട് പറയാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix