തൃശൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ 377 വിവാഹങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ ഗുരുവായൂരിലെ വിവാഹങ്ങളുടെ എണ്ണത്തിൽ പുതിയ റെക്കോർഡാണ് കുറിക്കപ്പെടുക. വിവാഹങ്ങളുടെ എണ്ണം 400 വരെ എത്താൻ സാധ്യതയുണ്ടെന്നാണ് ദേവസ്വത്തിന്റെ വിലയിരുത്തൽ.
2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളാണ് നിലവിലെ റെക്കോർഡ്. അന്ന് 350ലേറെ വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും 334 വിവാഹങ്ങളാണ് നടന്നത്. ഇത്തവണ തിരക്ക് നിയന്ത്രിച്ച് മികച്ച രീതിയിൽ വിവാഹച്ചടങ്ങുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ദേവസ്വം ആരംഭിച്ചു.
വിവാഹങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ കല്യാണമണ്ഡപവും സജ്ജമാക്കുന്നുണ്ട്. ചെന്നൈ സ്വദേശിയായ ഭക്തനാണ് മണ്ഡപം വഴിപാടായി നിർമിച്ച് സമർപ്പിക്കുന്നത്. കോതച്ചിറ സ്വദേശിയായ ശിൽപി സുധിൽ കുമാറിന്റെ നേതൃത്വത്തിലാണ് മണ്ഡപത്തിന്റെ നിർമാണം.
മണ്ഡപത്തിന്റെ മരപ്പണികൾ പൂർത്തിയായി. അടുത്ത ദിവസം ഗുരുവായൂരിലെത്തിച്ച് കൂട്ടിച്ചേർക്കും. ചിങ്ങം ഒന്നിന് മണ്ഡപം സ്ഥാപിക്കാനാണ് തീരുമാനം. പുതിയ മണ്ഡപം ഒന്നാം നമ്പർ മണ്ഡപമായിരിക്കും.
നിലവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാല് സ്ഥിരം കല്യാണമണ്ഡപങ്ങളാണുള്ളത്. വിവാഹങ്ങളുടെ എണ്ണം 200 കടക്കുമ്പോൾ അധികമായി താൽക്കാലിക മണ്ഡപം സജ്ജീകരിക്കാറുണ്ട്. എന്നാൽ ഇത്തവണ നിർമിക്കുന്ന അഞ്ചാമത്തെ മണ്ഡപം സ്ഥിരമായി ഉപയോഗിക്കാനാകുന്നതായിരിക്കും.




