തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കാലയളവിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ തടയരുതെന്ന് ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശവും നൽകി.
ക്ഷേമ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ ഒരു തവണ പോലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവർ അത് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2025 മേയ് മാസത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് 2025 ഡിസംബർ 31 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. സംസ്ഥാനത്ത് 62 ലക്ഷത്തിലധികം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുണ്ടെങ്കിലും, ഇതിൽ 2.53 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്. 2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.
ഇവർക്കായാണ് ഇനി ആറുമാസം കൂടി സമയം അനുവദിച്ചിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴി ജൂൺ 30നകം വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.




