യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കസേര ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 16 ദിവസം പിന്നിടുന്നു. ഇതുവരെയും ഒരൊറ്റ പേരിലേക്ക് സംസ്ഥാന UDF നേതൃത്വത്തിന് ഏതാണ് കഴിയുന്നില്ല എന്നത് തികഞ്ഞ പരാജയമായി തന്നെ കാണേണ്ടി വരും. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിലെ നേതാക്കൾക്കിടയിൽ സമവായമാകാതെ നേതൃത്വം.
ദേശീയ ഭാരവാഹി ശ്രാവൺ റാവു കേരളത്തിലെത്തി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും ഒരു പേരിലേക്ക് ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ അബിൻ വർക്കി, കെ എം അഭിജിത്ത്, ഒ ജെ ജനീഷ് എന്നീ പേരുകൾ സജീവമായി ചർച്ചയിൽ ഉണ്ടെങ്കിലും ഇതിൽ ആരാകും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇനി അതല്ല ഇതാരുമല്ലാത്ത മറ്റൊരാൾ വരുമോ എന്നതും ചോദ്യം തന്നെയാണ്. ഇതിനെല്ലാം ഉത്തരം നൽകേണ്ട നേതൃത്വം മൗനത്തിലും ആണ്.
16 ദിവസമായി അധ്യക്ഷൻ ഇല്ലാതെ സംഘടന മുന്നോട്ടു പോകുന്നത് ദൗർഭാഗ്യകരമായ കാര്യം തന്നെയാണ്. ഏറെ പ്രധാനപ്പെട്ട വിഷയങ്ങൾ സംസ്ഥാനത്തും രാജ്യമൊട്ടാകെയും ഉണ്ടായിട്ടും കേരളത്തിലെ പ്രതിപക്ഷ പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിന് അതിലൊന്നും പങ്കുചേരാൻ സാധിക്കുന്നില്ല. സംസ്ഥാനതലത്തിൽ ഒരു സമരം നടത്താനോ സർക്കാരിനെതിരെ ശബ്ദമുയർത്താനോ സാധിക്കുന്നില്ല എന്ന വിമർശനം പരക്കെയുണ്ട്.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇത്രയും ഭയാനകവും ക്രൂരവുമായ സംഭവം പുറത്തുവന്നിട്ടും സംസ്ഥാന സർക്കാരിനെതിരെ കാര്യമായി പ്രതികരിക്കാനോ പ്രതിഷേധിക്കാനോ യൂത്ത് കോൺഗ്രസിന്റെ തലപ്പത്ത് ഒരു നാഥൻ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സർക്കാരിന്റെ നിരുത്തരവാദിത്വപരമായ പെരുമാറ്റങ്ങൾ ചൂണ്ടിക്കാണിക്കാനോ അതിനെതിരെ പ്രതികരിക്കാനോ യൂത്ത് കോൺഗ്രസിന് കഴിയുന്നില്ല എന്നത് നിരാശാജനകമാണ്.
ലൈംഗീകാതിക്രമ പരാതികളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതോടെയാണ് യൂത്ത് കോൺഗ്രസ് സംഘടന തലപ്പത്ത് ആളില്ലാത്ത അവസ്ഥ വന്നത്. അതിനു പിന്നാലെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി യൂത്ത് കോൺഗ്രസിൽ അഭിപ്രായ ഭിന്നത ഉടലെടുത്തത്. ചാനൽ ചർച്ചകളിൽ പാർട്ടിയുടെ നിലപാടുകൾ ശക്തമായി അവതരിപ്പിക്കുകയും, എതിരാളികളെക്കൊണ്ട് പോലും അത് അംഗീകരിപ്പിക്കുകയും ചെയ്യുന്ന വാക്ചാതുര്യമുള്ള നേതാവാണ് അബിൻ വർക്കി. സുതാര്യമല്ലാത്ത സംഘടനാ തിരഞ്ഞെടുപ്പുകൊണ്ടാണ് അബിൻ വർക്കി പിന്നിലായിപ്പോയതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതുകൊണ്ടു തന്നെ അബിൻ വർക്കിക്കാണ് ഇനി അവസരം നൽകേണ്ടതെന്ന് വാദിക്കുന്നവരുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗവും അബിൻ വർക്കി അധ്യക്ഷനാവണമെന്ന നിലപാടുകാരാണ്. അബിൻ വർക്കിയെ പരിഗണിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗത്വം രാജിവെക്കുമെന്നുള്ള അവരുടെ നിലപാട് കെപിസിസി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. അബിൻ വർക്കിയെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, അബിൻ വർക്കിയെ അധ്യക്ഷനായി പരിഗണിക്കുന്നതിൽ കെ സി വേണുഗോപാലിന് താൽപര്യമില്ലെന്നാണ് അറിയുന്നത്. സാമുദായിക സമവാക്യം പാലിക്കണമെന്ന ആവശ്യം നേതാക്കൾ ശക്തമായി ഉന്നയിച്ചാൽ അബിൻ വർക്കിയുടെ സാധ്യത മങ്ങും. ഏറ്റവും ഒടുവിലായി കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് നീക്കമെന്നാണ് സൂചന. കെ സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്.
സംഘടനയിൽ പതിറ്റാണ്ടായി മേൽക്കൈയുള്ള എ ഗ്രൂപ്പ്, അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാൻ സാധ്യതയില്ല. കെ എം അഭിജിത്തിന്റെ പേര് മാത്രമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി ഈ അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിൽ നിന്നുള്ള അബിൻ വർക്കിയെയും നിരാശപ്പെടുത്തില്ല. ദേശീയ ജനറൽ സെക്രട്ടറിയായി അബിനെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
നിലവിൽ ദേശീയ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെയും ജനറൽ സെക്രട്ടറിയായി ഉയർത്തും. ഈ മൂന്ന് യുവജന നേതാക്കളുടെയും പാനൽ തയ്യാറാക്കി അഭിമുഖത്തിലൂടെയാകും തീരുമാനം. അബിൻ വർക്കിക്ക് വേണ്ടി ചെന്നിത്തല കടുത്ത സമ്മർദ്ദം ഉയർത്തുന്നുണ്ടെങ്കിലും ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാൽ ഇതുവരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല. കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും അധ്യക്ഷസ്ഥാനത്തേക്ക് പ്രത്യേക പേരുകളില്ല. സംസ്ഥാനത്തുണ്ടാകുന്ന സമന്വയത്തിലൂടെയാകും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
എന്തായാലും തലപ്പത്ത് ആളില്ലാതെ ഒരു പ്രതിപക്ഷ യുവജന സംഘടന ഇങ്ങനെ മുന്നോട്ട് പോകുന്നത് ഒട്ടും ഭൂഷണമല്ല. ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് UDF എങ്ങനെ മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.






