മുംബൈ: കാമുകന്റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. വിജയ് ചവാൻ (35) ആണ് കൊല്ലപ്പെട്ടത്. വിജയ് ചവാനെ കഴിഞ്ഞ 15 ദിവസമായി കാണാനില്ലായിരുന്നു. കൊലപാതകത്തിൽ ഭാര്യ കോമൾ (28), അയൽവാസിയായ മോനു എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വിജയ്യെ അന്വേഷിച്ച് സഹോദരന്മാർ വീട്ടിലെത്തുകയും വീട്ടിൻ്റെ തറയിലെ ടൈലുകളിലെ നിറം മാറ്റം ശ്രദ്ധിക്കുകയുമായിരുന്നു. സംശയം തോന്നിയതിനാൽ ടൈലുകൾ നീക്കം ചെയ്തപ്പോൾ ടൈലുകൾക്ക് അടിയിൽ കുഴിച്ചിട്ട നിലയിൽ വസ്ത്രം കണ്ടെത്തുകയായിരുന്നു.
വീടിനുള്ളിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ സഹോദരങ്ങൾ ഉടനെ പൊലീസിനെ അറിയിച്ചു. പൊലീസുകാർ എത്തി കുഴിച്ചുനോക്കിയപ്പോൾ വിജയ് ചവാന്റെ മൃതദേഹം കണ്ടെത്തി. അതേസമയം ഭാര്യ കോമളിനെയും അയൽവാസി മോനുവിനെയും രണ്ട് ദിവസമായി കാണാനില്ല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും കൊലപാതകം നടത്തി മുങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.






