കോഴിക്കോട്: താമരശ്ശേരിയിൽ ബേക്കറിയിലേക്ക് കാട്ടുപന്നി ഓടിക്കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം, ദേശീയപാതയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ബേക്കറിയിലേക്ക് ആണ് കാട്ടുപന്നി ഓടിക്കയറിയത്. ആള്‍ത്തിരക്കേറിയ സമയത്താണ് താമരശ്ശേരിയിലെ ജനത ബേക്കറിയിലേക്ക് കാട്ടുപന്നി ഓടികയറിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ബേക്കറിക്കുള്ളില്‍ ഉണ്ടായിരുന്നു. അപകടകാരിയായ ജീവിയെ കണ്ടതോടെ ബേക്കറിക്ക് ഉള്ളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി നിലവിളിക്കാനും പുറത്തേക്ക് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഈ സമയത്ത് സമീപത്തെ കടകളിലും റോഡിലും നിന്നവര്‍ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. വളരെ നേരം കഷ്ടപ്പെട്ടാണ് കാട്ടുപന്നിയെ ബേക്കറിയില്‍ നിന്ന് പുറത്തേക്ക് ഓടിച്ചത്.
ബേക്കറിയിൽ നിന്നും പുറത്തിറങ്ങി ഓടിയ കാട്ടുപന്നി സ്വകാര്യ ബസിലും കാറിലും നിര്‍ത്തിയിട്ട സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇതിന് ശേഷം പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഉല്ലാസ് നഗര്‍ റോഡിലൂടെ കാട്ടുപന്നി ഓടി രക്ഷപ്പെടുകയായിരുന്നു. അടുത്തകാലത്തായി താമരശ്ശേരിയില്‍ വ്യാപകമായി കാട്ടുപന്നി ശല്യം രൂക്ഷമായ സ്ഥിതിയാണുള്ളത്. പകല്‍ സമയത്ത് പോലും ജനങ്ങള്‍ക്ക് കാട്ടുപന്നികളെ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.




