ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് ദാരുണമായ സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.


