റിയാദ്: തലസ്ഥാന നഗരമായ റിയാദിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് വിദേശ വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി രാജ്യത്ത് തുടരുന്ന സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് നടപടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗവുമായി സഹകരിച്ച് റിയാദ് മേഖലയിലെ പൊലീസാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ വനിതയ്ക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പൊതുസുരക്ഷയ്ക്കും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.


