പാലക്കാട്:കൊല്ലങ്കോട് തെന്മലയോര കൃഷിയിടങ്ങളിൽ കാട്ടാനകൾമൂലമുള്ള കൃഷിനാശം കർഷകരെ കണ്ണീരിലാഴ്ത്തുന്നു. തേക്കിൻചിറ, ചീളക്കാട്, പെരിങ്ങോട്ടുശ്ശേരി കളം തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞരാത്രിയെത്തിയ കാട്ടാനകൾ മാവ്, തെങ്ങ്, നെല്ല് തുടങ്ങിയ വിളകൾക്ക് വ്യാപകമായ നാശമുണ്ടാക്കി.
പ്രദേശത്തെ കർഷകരായ എൻ.കെ. രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ആർ. വെങ്കിടേഷ് തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലാണ് ആനകൾ വിളനാശമുണ്ടാക്കിയിട്ടുള്ളത്. കൃഷിയിടങ്ങൾക്ക് ചുറ്റും സൗരവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ തകർത്താണ് ആനകൾ കൃഷിനാശമുണ്ടാക്കിയിട്ടുള്ളതെന്ന് കർഷകർ പരാതിപ്പെട്ടു.
പറമ്പിക്കുളം, നെല്ലിയാമ്പതി മലകളോടുചേർന്നുള്ള പ്രദേശമായതിനാൽ ഇവിടങ്ങളിൽനിന്ന് കൊമ്പനുൾപ്പെടെ നാലാനകളാണ് കാടിറങ്ങിയിട്ടുള്ളതെന്ന് കർഷകർ പറയുന്നു. ആനകളെ കാടുകയറ്റാൻ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ശ്രമം തുടരുന്നുണ്ട്. ഇതിനിടെ, പടക്കം പൊട്ടിച്ചും മറ്റും ആനകളെ കാടുകയറ്റുന്നതിന് കരടികൾ ഭീഷണിയാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.
ചൊവ്വാഴ്ച ആനകളെ കാടുകയറ്റുന്നതിനിടെ മൂന്ന് കരടികളെയാണ് ജീവനക്കാർ പടക്കം പൊട്ടിച്ച് അകറ്റിയത്. ഒരാഴ്ചമുൻപ് ആനകളെ കാടുകയറ്റുന്നതിനിടെ കരടിയുടെ മുൻപിൽപ്പെട്ട രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് ഓടിരക്ഷപ്പെടുന്നതിനിടെ പരിക്കേറ്റ സംഭവമുണ്ടായി. വിളനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് സ്ഥലം സന്ദർശിച്ച കർഷക സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.




