ഗുരുതരമായ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരിച്ചുവരവിന്റെ പാതയിലാണ്. മണ്ഡലത്തിലും പുറത്തും വിവിധങ്ങളായ പരിപാടികളിൽ അദ്ദേഹം സജീവമാണ്. കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതായി പറയുന്നുണ്ടെങ്കിലും പാർട്ടിയുടെ അടക്കം പരിപാടികളിലേക്ക് രാഹുൽ എത്തുന്നുണ്ട്. കേവലം പാലക്കാട് നിയോജകമണ്ഡലത്തിലെ പരിപാടികളിൽ മാത്രമല്ല, ജില്ലയ്ക്ക് പുറത്തുള്ള വിവിധങ്ങളായ പരിപാടികളിലും രാഹുൽ സജീവമാണ്.
തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ആശാ പ്രവർത്തകർ നടത്തിയ സമരത്തിന്റെ സമാപന വേദിയിലേക്ക് രാഹുലിനെ അവർ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. രാഹുൽ വേദിയിൽ ഉണ്ടെന്നത് അറിഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഏറെ നേരം പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു. രാഹുൽ വേദിയിൽ നിന്നും മടങ്ങിയ ശേഷം ആയിരുന്നു സതീശൻ വേദിയിലേക്ക് വന്നതും ഉദ്ഘാടനം നിർവഹിച്ചതും.
അതായത് രാഹുൽ പാർട്ടി പരിപാടികൾ ഉൾപ്പെടെ സജീവമാകുന്നതിൽ സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾക്ക് വലിയ താല്പര്യമൊന്നുമില്ല. എന്നാൽ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളാണ് രാഹുലിനെ കൂടുതൽ പരിപാടികളിൽ സജീവമാക്കുന്നത്. ഇടക്കാലത്ത് രാഹുലിനെ തങ്ങളുടെ വേദികളിൽ പങ്കെടുപ്പിക്കില്ല എന്ന് പറഞ്ഞ ലീഗും അവളുടെ തീരുമാനത്തിൽ നിന്നും കുറച്ച് അയയുകയും ലീഗിന് സ്വാധീനമുള്ള ഇടങ്ങളിലെ വിവിധ പരിപാടികളിലേക്ക് രാഹുലിനെ ക്ഷണിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.




