വോട്ട്‌കൊള്ളയ്‌ക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബീഹാറിൽ 14 ദിവസം നടന്ന യാത്ര ഇന്ത്യ മുന്നണിയുടെയും കോൺഗ്രസിന്റെയും പ്രതാപം വീണ്ടെടുക്കുന്ന ഒന്നായിരുന്നു. ബിഹാറിലെ 13 നഗരങ്ങളിലൂടെ 1300 കിലോമീറ്ററാണ് വോട്ടർ അധികാർ യാത്ര നടന്നത്. ആ യാത്രയുടെ വിജയത്തിൽ നിന്ന് ആവേശഭരിതരായ കോൺഗ്രസ് പാർട്ടി , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ 2020 ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ബീഹാറിലെ യാത്രയുടെ വിജയം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലും അത്തരമൊരു യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വരാനിരിക്കുന്ന 2026 നിയമസഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രവർത്തിക്കുന്നത്. അതിനു വേണ്ടി ഏതു തരത്തിലുള്ള വഴികളും സ്വീകരിക്കാൻ അവർ നിർബന്ധിതരാവുകയാണ്. അതുകൊണ്ടു തന്നെ ബിഹാറിൽ വിജയിച്ച രാഹുൽ ഗാന്ധിയുടെ യാത്ര കേരളത്തിലും നടത്താനാണ് ആലോചന. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും എന്നാണ് വിവരം.
എന്നാൽ ഇത്തരമൊരു യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകളോ സ്ഥിരീകരണങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ ഇത്തരമൊരു യാത്ര നടത്താൻ ധാരണ ആയതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. മുൻപ് രാഹുൽ ഗാന്ധിയുടെ തന്നെ ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ ബീഹാർ മോഡൽ യാത്ര കേരളത്തിലെ UDF ന് മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. കോൺഗ്രസ് മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയനേതാക്കളും ഈ യാത്രയുടെ താരപ്രചാരകരായി മാറും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗീകാരോപണങ്ങൾ കോൺഗ്രസ് പാർട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കിയെങ്കിലും അതിനെയെല്ലാം മറികടക്കാനുള്ള മാർഗമായിക്കൂടെയാണ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തുന്ന ഈ യാത്രയെ കാണുന്നത്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്ക്കെടുത്തു. തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെ മരുതംകുഴിയിലാണ് ഈ വാടകവീടുള്ളത്. കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അപ്പുറം അങ്കമാലിയിലാണ് വീട് എടുത്തിരിക്കുന്നത്. മലബാറിൽ താമസിച്ച് പ്രവർത്തിക്കുന്നതിനായി കോഴിക്കോടും വാടക വീട് നോക്കുന്നുണ്ടെന്നാണ് വിവരം. വരുന്ന ദിവസങ്ങളിൽ കേരളത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. ഈ വീടുകൾ നോക്കി നടത്തുന്നത് കെപിസിസി ആയിരിക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ കാലങ്ങളിലെല്ലാം സംസ്ഥാനത്ത് എത്തുന്ന എഐസിസി ജനറൽ സെക്രട്ടറിമാരെല്ലാം ഹോട്ടലുകളിൽ ആണ് താമസിച്ചിരുന്നത്. ഗുലാം നബി ആസാദ്, മധുസൂദനൻ മിസ്ത്രി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്ത് എത്തിയാൽ നി൯ചയിച്ചിരിക്കുന്ന പരിപാടികൾക്ക് ശേഷം തിരികെ പോവുകയാണ് ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നും വിഭിന്നമായി സംസ്ഥാനത്ത് കൂടുതൽ ദിവസം നിൽക്കുകയും രണ്ടാംനിര നേതാക്കളോട് അടക്കം ആശയവിനിമയം നടത്തുകയുമാണ് ദീപദാസ് മുൻഷി. തിരുവനന്തപുരത്ത് മാത്രം കേന്ദ്രീകരിക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളും പരിഗണിക്കത്തക്ക വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. കൂടാതെ വിവിധ ജില്ലകളിലെ ഡിസിസി നേതൃയോഗങ്ങളിലും മറ്റും ദീപാദാസ് മുൻഷി പങ്കെടുക്കുന്നുമുണ്ട്.
അടുത്തായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും അധികം പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് കേരളം. കാരണം കേരളത്തിൽ മുന്നണി ഭരണത്തിലെത്തിയാൽ പാർട്ടിക്ക് മുഖ്യമന്ത്രിയെ ലഭിക്കും. കേരളത്തിൽ ഒരിക്കൽ കൂടി ഭരണം നഷ്ടപ്പെടുന്നത് UDF ന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ നിലവിൽ പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുന്ന അസ്വാരസ്യങ്ങളും പ്രതിസന്ധികളും മറികടന്നുകൊണ്ട് മുന്നോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ മാത്രമേ മുന്നണി ഭരണത്തിലെത്തിയാൽ പാർട്ടിക്ക് മുഖ്യമന്ത്രിയെ ലഭിക്കുകയുള്ളൂ. കേരളത്തിൽ ഭരണം വീണ്ടും നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ‘ഡൂ ഓർ ഡൈ’ എന്നാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കൾക്ക് നൽകിയിരിക്കുന്ന സന്ദേശം. കാരണം ഭരണത്തിൽ എത്തേണ്ടത് അത്രയേറെ പ്രധാനപ്പെട്ട കാര്യമാണ്.




