മലപ്പുറം: പൊന്നാനിയിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതി എസ്‌കോർട്ട് പൊലീസിനെ തള്ളി മാറ്റി കൈവിലങ്ങോടുകൂടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലിൽ ഇയാളെ പിടികൂടി.
യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ അറസ്റ്റിലായ ഈശ്വരമംഗലം സ്വദേശിയും ‘കാളന്റെപുരയ്ക്കൽ’ വീട്ടിൽ താമസിക്കുന്ന ഇർഷാദാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാൾ കോടതി പരിസരത്തും ജയിലിനടുത്തും അക്രമാസക്തമായി പെരുമാറിയതായി പൊലീസ് അറിയിച്ചു.
പൊന്നാനി നരിപ്പറമ്പ് ഗുലാബ് നഗറിൽ മൂന്ന് യുവാക്കളെ ആക്രമിച്ച കേസിലാണ് ഇയാൾ പ്രധാന പ്രതി. ഒളിവിൽ കഴിഞ്ഞിരുന്ന ഇർഷാദിനെ കണ്ണൂർ–കർണാടക അതിർത്തിയിൽ നിന്ന് സുഹൃത്തിനൊപ്പം ഇരിട്ടി പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. നേരത്തെ പ്രദേശവാസികളായ റുബൈസ്, മുസ്തഫ, ദിർഷാദ്, അസ്ലം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ മുല്ലശ്ശേരി അജ്മലിനെയും കാളന്റെ പറമ്പിൽ അജ്മലിനെയും പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
ഇർഷാദ് ലഹരിക്ക് അടിമയാണ്. ലഹരി ലഭിക്കാതെ വന്നപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യശ്രമം നടത്തിയതായും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.




