കാസർകോട്: പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിന്റെ മാനസിക വിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നാലുമാസം മുമ്പാണ് നിശ്ചയിച്ചിരുന്നത്. ഇതിനിടെ ഒരു മാസം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ മണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു.
വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. മണിയുടെ മരണത്തിൽ ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തി. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെ തനിക്കുമുള്ള സംസ്കാരം നടത്തണമെന്നാണ് കുറിപ്പിൽ പറയുന്നത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.






