കാസർകോട്: ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
ഭർതൃവീട്ടിൽ നിന്ന് നേരിട്ട നിരന്തര പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് തുടർച്ചയായി മാനസിക പീഡനം ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






