കൊച്ചി: കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിലെ പ്രതി റമീസിന്റെ സുഹൃത്ത് സഹദ് പൊലീസ് കസ്റ്റഡിയില്‍. അറസ്റ്റ് ഉടന്‍ ഉണ്ടാകും. കുറ്റകൃത്യത്തിന് കൂട്ട് നിന്നു എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. റമീസിന്റെ മാതാപിതാക്കളെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്നാട് സേലത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ റിമാന്‍ഡില്‍ ഉള്ള റമീസിനായി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ കിട്ടുന്ന മുറയ്ക്ക് വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മതം മാറ്റത്തിന് വിസമ്മതിച്ചതോടെ റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.




