ടൊറന്റോ : കാനഡയിൽ പഞ്ചാബ് സ്വദേശിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിവ്-ഇൻ പങ്കാളിയെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിനിയായ ദമൻപ്രീത് കൗർ (23) ആണ് കൊല്ലപ്പെട്ടത്. ഡൽഹി സ്വദേശിയായ റിതീഷ് കുമാർ (22) ആണ് അറസ്റ്റിലായത്.
ജൂലൈ 9-നാണ് കാനഡയിലെ എഡ്മണ്ടണിലെ വസതിയിൽ ദമൻപ്രീതിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്ന് ദിവസത്തിന് ശേഷം യുവതി മരിച്ചു.
ജൂലൈ 14-ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ജൂലൈ 22-ന് റിതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.
അഞ്ച് വർഷം മുമ്പ് വിദ്യാർഥി വിസയിൽ കാനഡയിലെത്തിയ ദമൻപ്രീത് സമ്രാല സ്വദേശികളുടെ ഏക മകളാണ്. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി സുഹൃത്തുക്കൾ ധനശേഖരണ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.




