മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ 53-കാരൻ അറസ്റ്റിൽ. നൈഗാവ് ഈസ്റ്റിലെ വാക്കിപാഡ സ്വദേശി ജിതേന്ദ്ര ഹിർമുഖെ (53) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ലൈംഗികാതിക്രമം ചെറുത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ട്രെയിനിൽനിന്ന് താഴേക്ക് വീണ 20-കാരിയുടെ ഇടതുകൈ മുട്ടിന് താഴെവെച്ച് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടിവന്നു.
നവംബർ നാലിന് വൈകുന്നേരമാണ് സംഭവം. നൈഗാവ് സ്വദേശിയായ യുവതി വിരാറിലേക്ക് പോകുന്നതിനായി ബോറിവിലി സ്റ്റേഷനിൽനിന്ന് ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ കയറി. അബദ്ധത്തിൽ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിലാണ് യുവതി കയറിയത്. ഈ കോച്ചിൽ ജിതേന്ദ്ര ഹിർമുഖെയും യാത്ര ചെയ്യുന്നുണ്ടായിരുന്നു.
യുവതിയെ ഇയാൾ മോശമായി സ്പർശിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. യുവതി ഇതിനെ ചോദ്യം ചെയ്ത് എതിർത്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ട്രെയിൻ നൈഗാവ് സ്റ്റേഷനിലെത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെ ഹിർമുഖെ യുവതിയെ ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കാണ് യുവതി വീണത്. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തതോടെ ഗുരുതരമായി പരിക്കേറ്റു. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകളുടെ തീവ്രത കണക്കിലെടുത്ത് ഡോക്ടർമാർ ഇടതുകൈ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മുഖം തുണികൊണ്ട് മറച്ചിരുന്നതിനാൽ തുടക്കത്തിൽ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച നൈഗാവിലെ വീട്ടിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.




