പാലക്കാട്: കൂനത്തറ പോണാട് കരിങ്കനാമറ്റം അലീന ജോൺസൺ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്നും അല്പം അകലെയുള്ള ആറാണിയിലെ ക്വാറിയിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.വരവൂരിലെ ഭർത്താവിന്റെ വീട്ടിലായിരുന്ന അലീന, സഹോദരിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനായാണ് തിങ്കളാഴ്ച പോണാട്ടെ സ്വന്തം വീട്ടിലെത്തിയത്.
കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ക്വാറിക്ക് സമീപം അലീനയുടെ ചെരുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറിയിലെ വെള്ളത്തിൽ മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം തഹസിൽദാർ സി.എം അബ്ദുൽ മജീദിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാണ് പോസ്റ്റ്മോർട്ടം ചെയ്തത്സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി അലീനയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
വിദേശത്തുനിന്നും നാട്ടിലെത്തിയ ശേഷം സ്വർണം ആവശ്യപ്പെട്ട് ഭർത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, ഇതിനുമുമ്പ് പലതവണ പ്രശ്നപരിഹാരത്തിനായി ചർച്ചകൾ നടത്തിയിരുന്നുവെന്നും സഹോദരൻ വർഗീസ് പറഞ്ഞു. ഒരു വയസ്സുള്ള കുഞ്ഞുണ്ട്. സംഭവത്തിൽ ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




