കോട്ടയം: സാംസ്കാരിക അപചയം സംഭവിച്ച പിണറായി ഭരണത്തിനെതിരെ ശബ്ദിക്കാൻ സാഹിത്യകാരന്മാർ മടി കാണിക്കുന്ന കാലഘട്ടത്തിൽ കവി സച്ചിദാനന്ദന്റെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ.പി.സി.സി. സംസ്കാര സാഹിതി സംഘടിപ്പിച്ച ‘ഉത്സവ് 2026’ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ദുർഭരണത്തിൽ സഹികെട്ട് ബംഗാളിലെ സിപിഎം ഭരണത്തെ അനുസ്മരിച്ച് സച്ചിദാനന്ദൻ നടത്തിയ പ്രതികരണം സ്വാഭാവികമാണ്. എന്നാൽ അതിനെതിരെ സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലത്തിന് ദിശാബോധം നൽകേണ്ട എഴുത്തുകാർ ഇടതു ഭരണത്തിൽ ഗുരുതരമായ മൗനത്തിന് അടിമകളാക്കപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് എല്ലാ കാലത്തും എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും ഒപ്പം നിർത്തിയിട്ടുണ്ടെന്നും ഭരണകാലത്ത് വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്കാരസാഹിതി ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടനവും പ്രമുഖ എഴുത്തുകാരൻ യു.കെ. കുമാരൻ മുഖ്യപ്രഭാഷണവും നിർവഹിച്ചു.
സംസ്കാരസാഹിതി വർക്കിംഗ് ചെയർമാൻ എൻ.വി. പ്രദീപ് കുമാർ, ജനറൽ കൺവീനറും ചലച്ചിത്ര താരവുമായ രവീന്ദ്രൻ, പോൾ മണലിൽ, അഡ്വ. ടോമി കല്ലാനി, നാട്ടകം സുരേഷ്, ആലപ്പി അഷറഫ്, അനി വർഗീസ്, കെ.എം. ഉണ്ണികൃഷ്ണൻ, വൈക്കം എം.കെ. ഷിബു, സുനിൽ മടപ്പള്ളിൽ, തോമസ് പാലാത്ര, ജയേഷ് തമ്പാൻ, ബോബൻ കോപ്പിൽ, എം.കെ. ഷമീർ, അജിത കടിയേൽ, വിതുര സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വൈക്കം എം.കെ. ഷിബു, ബാബു തേവര എന്നിവരുടെ പുസ്തക പ്രകാശനവും നടന്നു.
ഫെബ്രുവരി 17 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9-ന് കലാമത്സരങ്ങളും പുസ്തക പ്രദർശനവും നടക്കും. വൈകുന്നേരം 3-ന് ‘ഒഎൻവി ഗാനസ്മൃതി’, 4.30-ന് ‘എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത’ എന്ന വിഷയത്തിൽ സാഹിത്യ സംവാദം, 6.30-ന് അമച്വർ നാടക മത്സരം എന്നിവയും നടക്കും.




