കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയിൽ ഫിറോസ് (29), പയ്യന്നൂർ പെരിങ്ങോം സ്വദേശിനി ശീതൽ ശിവദാസ് (21) എന്നിവരാണ് അറസ്റ്റിലായത്.
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ബ്ലൂ മെറീഡിയൻ അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലെ മുറിയിൽ നിന്നാണ് ഇരുവരെയും ബാലുശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയിൽ 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാസലഹരി വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ധ്രുപദ് എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്‌പെക്ടർമാരും പ്രിവന്റീവ് ഓഫീസർമാരും സിവിൽ എക്സൈസ് ഓഫീസർമാരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.




