ഹൈദരാബാദ്: യാത്രയ്ക്കിടെ ഭാര്യാമാതാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ മേടിപ്പള്ളിയിൽ കെ. അരുണ (39) കൊല്ലപ്പെട്ട സംഭവത്തിലാണ് മകളുടെ ഭർത്താവ് കെ. സ്നേഹിത് (28) പിടിയിലായത്.
ബൈക്കിൽ നിന്ന് വീണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. ഭാര്യ കാവ്യ നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷമാണ് സ്നേഹിതിന്റെയും കാവ്യയുടെയും വിവാഹം നടന്നത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് സ്നേഹിതും ഭാര്യാമാതാവായ അരുണയും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നതായി കണ്ടെത്തി.
ഏപ്രിൽ 29ന് ഭക്ഷണം വാങ്ങാനെന്ന പേരിൽ അരുണയെ ബൈക്കിൽ കൊണ്ടുപോയ പ്രതി, യാത്രയ്ക്കിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് അരുണ ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു.
അപസ്മാരം വന്നതും വീഴ്ചയാണെന്നും പറഞ്ഞ് സ്നേഹിത് സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 30ന് അരുണ മരിച്ചു. എന്നാൽ സംശയം തോന്നിയ മകൾ കാവ്യ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അമ്മയെ സ്നേഹിത് ആക്രമിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കണ്ടു. തുടർന്ന് കാവ്യ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മെയ് 1ന് പ്രതിയെ അറസ്റ്റ് ചെയ്തു.




