കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാനഗർ സ്വദേശിയായ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെ ചമ്പക്കര–പേട്ട ഭാഗത്തെ 953ാം നമ്പർ മെട്രോ തൂണിന് സമീപത്താണ് അപകടം നടന്നത്. ഹോർമിസ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയിൽ നിന്ന് വൈറ്റിലയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കാരം നടത്തും.
മരിച്ച ഹോർമിസ് ബിജു–നിഖി ഉറുമീസ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സെലിൻ, ജോസഫ്.






