മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാർകുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ ഷാദിൽ (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന വേങ്ങര സ്വദേശി ഗഫൂർ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാർസൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദിൽ. മീനാർകുഴിയിലെ സജീവ എം.എസ്.എഫ് പ്രവർത്തകനായും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ജോലി ആവശ്യത്തിനുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഷാദിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: മുനീറ. സഹോദരങ്ങൾ: മുഹമ്മദ് ഷാബിൽ, ഷിഫ, റിഫ.




