തിരുവനന്തപുരം: വർക്കല ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് താഴേക്ക് വീണു. ഏകദേശം 60 അടി താഴ്ചയിലേക്കാണ് ഇയാൾ പതിച്ചത്. തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണനാണ് അപകടത്തിൽപ്പെട്ടത്.
ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്ന് കുന്നിൻ അറ്റത്തേക്ക് പോയതിനിടെയാണ് ഇയാൾ താഴേക്ക് വീണത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. താഴെയിറങ്ങിയ സംഘം നെറ്റ് ഉപയോഗിച്ച് ഏറെ ശ്രമത്തിനൊടുവിലാണ് യുവാവിനെ മുകളിലേക്ക് എത്തിച്ചത്.
സുഹൃത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പരിക്കേറ്റ ശരവണനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




