കാസർകോട്: ബദിയടുക്ക മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുംബഡാജെ സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക കുഡ്‌ലു ബദ്രു സ്വദേശിയുമായ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏകദേശം 9.30ഓടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപത്താണ് സംഭവം നടന്നത്.
സംഭവത്തിൽ മാർപ്പിനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്, പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച വൈകിട്ട് കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് രാത്രി ബാങ്കിന് സമീപത്ത് നിൽക്കുകയായിരുന്ന സുരേഷിനെ കിരൺ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അഖിലേഷും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് പറയുന്നു. സുരേഷിന്റെ മകനുമായി ആയിരുന്നു തർക്കം.
പരിക്കേറ്റ സുരേഷിനെ സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






