തിരുവനന്തപുരം: ഒന്നരവർഷം മുൻപ് വിവാഹിതയായ യുവതിയെ തിരുവനന്തപുരം മണക്കാട്ടെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല വടശ്ശേരിക്കോണം സ്വദേശിനിയായ ആരതി (26)യാണ് മരിച്ചത്. ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ ഭർത്താവ് അതുലിനെ ഫോർട്ട് പോലീസ് ചോദ്യം ചെയ്തു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. 2024 ഡിസംബറിലായിരുന്നു കല്ലറ ഭരതന്നൂർ സ്വദേശിയായ അതുലുമായുള്ള ആരതിയുടെ വിവാഹം. ആറുമാസം മുൻപാണ് ദമ്പതികൾ മണക്കാട്ടെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് അതുൽ മകളെ പതിവായി മർദിച്ചിരുന്നതായി ആരതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. മദ്യപാനശീലമുള്ള അതുൽ പണത്തിന്റെയും സ്വർണത്തിന്റെയും പേരിലും ഉപദ്രവിച്ചിരുന്നുവെന്നും അവർ പറയുന്നു.
മർദനമേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നെന്നും, അതിന്റെ ചിത്രങ്ങൾ ആരതി അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി. സ്വകാര്യ ബാങ്കിലെ മാനേജരാണെന്ന് പറഞ്ഞാണ് അതുൽ വിവാഹം കഴിച്ചതെന്നും, എന്നാൽ പിന്നീട് ബാങ്കിൽ താത്കാലിക ജോലിയാണുണ്ടായിരുന്നതെന്ന് മനസ്സിലായതായും കുടുംബം ആരോപിച്ചു. ജോലിക്ക് സൗകര്യമൊരുക്കാൻ വാടകവീടിനുള്ള അഡ്വാൻസ് തങ്ങൾ തന്നെയാണ് നൽകിയതെന്നും ബന്ധുക്കൾ പറയുന്നു.
സംഭവത്തിന് തലേദിവസവും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. തുടർന്ന് ആരതി മുറിക്കുള്ളിൽ കയറി വാതിൽ അടച്ചതായി പറയുന്നു. ഏറെ നേരം വാതിൽ തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് ആരതിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. എന്നാൽ, മരണം ഉറപ്പായ ശേഷമാണ് അതുൽ സുഹൃത്തുക്കളെ വിളിച്ചതെന്നും, കൗൺസിലറുടെ ഫോൺ വഴിയാണ് മരണവിവരം അറിഞ്ഞതെന്നും കുടുംബം ആരോപിച്ചു.
ആരതിയുടെ ശരീരത്തിൽ പന്ത്രണ്ടിലധികം മുറിവുകളുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ച ശേഷമാകും തുടർനടപടികൾ.
മരണത്തിന് മണിക്കൂറുകൾ മുൻപും ആരതി അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഭർത്താവ് വീട്ടിലുണ്ടോയെന്ന് അന്വേഷിച്ചായിരുന്നു അവസാന ഫോൺവിളി. തുടർന്ന് പലതവണ തിരിച്ച് വിളിച്ചെങ്കിലും ഫോൺ എടുക്കാതിരുന്നതായും പിന്നീട് മകളുടെ മരണവിവരമാണ് ലഭിച്ചതെന്നും അമ്മ കണ്ണീരോടെ പറഞ്ഞു.
വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും ശനിയാഴ്ചയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. വിദേശത്തായിരുന്ന ആരതിയുടെ പിതാവ് ബൈജു ശനിയാഴ്ച നാട്ടിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.






