കൊല്ലം: എംഡിഎംഎ ഗുളികകളും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കളുമായി 25കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കരുനാഗപ്പള്ളി ക്ലാപ്പന കോട്ടയ്ക്കപ്പുറം ഷഹനാസ് മൻസിലിൽ താമസിക്കുന്ന നിഷാദാണ് അറസ്റ്റിലായത്.
എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ ക്ലാപ്പനയിൽ നിന്ന് പിടികൂടിയത്. ഇയാളുടെ കൈവശം അഞ്ച് എംഡിഎംഎ ടാബ്‌ലെറ്റുകൾ, 3.11 ഗ്രാം എംഡിഎംഎ, 204 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി.
സാധാരണയായി പൗഡർ രൂപത്തിൽ വിപണിയിലെത്തുന്ന എംഡിഎംഎയേക്കാൾ ടാബ്‌ലെറ്റ് രൂപത്തിലുള്ള എംഡിഎംഎയ്ക്ക് കൂടുതൽ വീര്യമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു എംഡിഎംഎ ഗുളിക 4000 രൂപ നിരക്കിൽ പ്രതി വിൽപ്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.










