പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം യൂത്ത് കോൺഗ്രസിന് നൽകണമെന്ന ആവശ്യവുമായി കെപിസിസി നേതൃത്വത്തിന് കത്ത്. പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷ് കെ. എസ്.നെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് നേതൃത്വം കത്ത് നൽകി.
പാലക്കാട് ജില്ലയിൽ ഏഴ് നിയമസഭാ സീറ്റുകൾ യൂത്ത് കോൺഗ്രസിന് അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കൂടാതെ, നിലവിൽ സിഎംപി കൈവശമുള്ള നെന്മാറ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആറുപേർ ചേർന്നാണ് കത്ത് നൽകിയത്.
കത്തിലെ നിർദേശങ്ങൾ പ്രകാരം, പാലക്കാട് സീറ്റിൽ ജില്ലാ പ്രസിഡന്റ് ജയഘോഷ് കെ. എസ്., ചിറ്റൂർ സീറ്റിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക് അത്തിക്കോട്, പട്ടാമ്പി സീറ്റിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ. ഫാറൂഖ്, ഒറ്റപ്പാലം സീറ്റിൽ സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി, ആലത്തൂർ സീറ്റിൽ സംസ്ഥാന സെക്രട്ടറി പ്രതീഷ് മാധവൻ, നെന്മാറ സീറ്റിൽ സംസ്ഥാന സെക്രട്ടറി വിഷ്ണു സി., തരൂർ സീറ്റിൽ സംസ്ഥാന സെക്രട്ടറി അഡ്വ. സുബ്രഹ്മണ്യൻ എന്നിവരെ സ്ഥാനാർഥികളാക്കണമെന്നതാണ് ആവശ്യം.






