കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില്‍ മോഷ്ടിച്ച പിക്കപ്പ് വാനുമായി എത്തിയ യുവാവ് ഇന്ന് പുലര്‍ച്ചെ മണിക്കൂറുകളോളം സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം. റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ത്ത ശേഷം അടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിട്ടു. പരാക്രമം നടത്തിയ വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വെളിച്ചെണ്ണ മില്ലില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഇയാള്‍ രാസലഹരി ഉപയോഗിക്കുന്ന ആളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പുലര്‍ച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് നിന്നാണ് ഇയാള്‍ പിക്കപ്പ് വാന്‍ മോഷ്ടിച്ചത്. ആദ്യം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഏകദേശം രണ്ടരയോടെ വെളിമണ്ണിലെത്തി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ച് കേടുപാടുകള്‍ വരുത്തി. പിന്നീട് സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെട്ടു.
ശേഷം ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോള്‍ പമ്പിലെത്തിയ ഇയാള്‍, ടയറിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പിക്കപ്പ് വാന്‍ അവിടെ ഉപേക്ഷിച്ചു. അവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ അബ്ദുൽ റാസിഖ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പമ്പില്‍ നിന്ന് മോഷ്ടിച്ച വാഹനം ഇയാളുടെ വീട്ടുപോര്‍ച്ചില്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ താമരശ്ശേരി കുടുക്കില്‍ ഉമ്മരം പ്രദേശത്തെ ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു






