ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബന്ധുവായ 12 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുലാരിഹ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ കാണാതാകുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച രാവിലെ വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള പാടത്തെ ടിൻഷെഡിന് സമീപം കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ച കുഞ്ഞ് നിലവിൽ ബിആർഡി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി പൊലീസ് അറിയിച്ചു.
അന്വേഷണത്തിൽ, ചണ്ഡീഗഡിൽ നിന്നെത്തിയ 12 വയസ്സുകാരനായ ബന്ധുവാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. മദ്യം കഴിച്ചിരുന്നതായും മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ട ശേഷമാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നുമാണ് മൊഴി.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച അന്വേഷണസംഘം നിരവധി അശ്ലീല വീഡിയോകളും അശ്ലീല വെബ്സൈറ്റുകൾ സന്ദർശിച്ചതിന്റെ വിവരങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആദ്യം പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നത്.
വൈദ്യപരിശോധനയിൽ കുഞ്ഞ് ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി പൊലീസ് സൂപ്രണ്ട് നിമേഷ് പാട്ടീൽ വ്യക്തമാക്കി. കുഞ്ഞിന്റെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.






