കൊച്ചി: ഓണ വിപണി ലക്ഷ്യമിട്ട് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1350 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. എറണാകുളം അങ്കമാലിയിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. അങ്കമാലി കോതകുളങ്ങരയിലെ അടച്ചിട്ട ഹോളോ ബ്രിക്സ് ഗോഡൗണിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. കർണാടകയിലെ ഹുബ്ലിയിൽ നിന്ന് രണ്ട് വാഹനങ്ങളിലായാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 39 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. വ്യാജമദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന കുപ്പികളും സ്പിരിറ്റ് അളക്കാനുള്ള ഉപകരണങ്ങളും സ്ഥലത്ത് നിന്ന് കണ്ടെത്തി. ഓണത്തോട് അനുബന്ധിച്ച് വ്യാജമദ്യം നിർമിച്ച് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് എക്സൈസ് വ്യക്തമാക്കി.
പ്രതികൾക്ക് നേരത്തെ ലഹരിക്കേസുകളിൽ പങ്കുണ്ടായിരുന്നുവെന്നും എക്സൈസ് അറിയിച്ചു. സ്പിരിറ്റ് എത്തിച്ച വഴിയും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
ഓണക്കാലത്ത് ലഹരിക്കെതിരായ പ്രത്യേക പരിശോധനകൾ ശക്തമാക്കുമെന്നും രാത്രികാല പട്രോളിങ് വർധിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു.




