ഗുവാഹത്തി: അസമിലെ ബിശ്വനാഥ് ജില്ലയിൽ 15 വയസ്സുകാരിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരിയാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഭക്ഷണം വാഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും തുടർന്ന് നിരവധി പേർ ചേർന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾക്കൊപ്പം തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംശയാസ്പദ സാഹചര്യത്തിൽ പ്രദേശത്ത് സഞ്ചരിച്ചിരുന്ന കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞുനിർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വാഹനത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ബിശ്വനാഥ് അഡീഷണൽ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി അറിയിച്ചു.






