തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതിയും മുൻ സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം വിയോജന കുറിപ്പ് നൽകിയിട്ടുണ്ട്. മുൻ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് സഭയിൽ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് അവതരിപ്പിച്ചത്. കടുത്ത എതിർപ്പാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങൾ, അവ ഏതൊക്കെ രീതിയിൽ ചെലവഴിച്ചു, നിലവിൽ സംസ്ഥാന ഖജനാവിലെ നീക്കിയിരിപ്പ് എത്രയാണ് തുടങ്ങിയ വിശദമായ വിവരങ്ങളാണ് ധവളപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ അധ്യക്ഷനായ സമിതി വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഈ ധവളപത്രം തയ്യാറാക്കിയത്. സാമ്പത്തിക മേഖലയിൽ സമഗ്രമായ ഒരു പുനർനിർമാണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, കിഫ്ബിയെ ഉടച്ചുവാർക്കുന്നതിനുള്ള നിർദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സർക്കാർ കണക്കുകൾ ഓഡിറ്റ് ചെയ്യാനുള്ള അവകാശം എജിക്ക് മാത്രമാണെന്നാണ് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞത്. ധവളപത്രം സമർപ്പിച്ചത് ചട്ടവിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിക്കേണ്ടത് സി.എൻ.ഡി.എ.ജി (CAG) ആണെന്നും സ്വകാര്യ ഏജൻസികളെ ഇത്തരം പരിശോധനകൾ ഏൽപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.






