അമേരിക്കയിലെ കുടിയേറ്റ സംവിധാനത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യമാണ് ടെക്സസ് സംസ്ഥാനത്ത് രൂപപ്പെടുന്നത്. അമേരിക്കയിലെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും ഗവേഷകർക്കും വലിയ തിരിച്ചടി നൽകിക്കൊണ്ട് ടെക്സസിൽ പുതിയ എച്ച്-1 ബി വിസകൾക്ക് ഗവർണർ ഗ്രെഗ് ഏബട്ട് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സർക്കാർ ഏജൻസികളിലും പൊതു സർവ്വകലാശാലകളിലും പുതിയ വിസ അപേക്ഷകൾ നൽകുന്നത് അടിയന്തരമായി മരവിപ്പിക്കാനാണ് ഗവർണറുടെ ഉത്തരവ്.
ഇതോടെ ,അമേരിക്കയിൽ തൊഴിലും ഗവേഷണവും ലക്ഷ്യമിടുന്ന ആയിരക്കണക്കിന് വിദഗ്ധരുടെ ഭാവിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ കർശന നടപടിയെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കൂടിയായ ഏബട്ട് ഇതിനോടകം വ്യക്തമാക്കി. 2027 മെയ് 31 വരെ ഈ നിരോധനം തുടരും.
ഫെഡറൽ ഗവൺമെന്റിന്റെ എച്ച്-1 ബി വിസ പദ്ധതിയിൽ ഗുരുതരമായ ദുരുപയോഗങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഗവർണറെകൊണ്ട് ഈ കടുത്ത തീരുമാനമെടുപ്പിച്ചതെന്നാണ് പുറത്ത് വരുന്നവിവരം. ഏജൻസി മേധാവികൾക്ക് അയച്ച കത്തിൽ, കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിടുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത്തരമൊരു സമീപനം ആഭ്യന്തര തൊഴിലവസരങ്ങളെയും തൊഴിൽ സുരക്ഷയെയും ബാധിക്കുന്നതാണെന്നും, അതിനാൽ വിസ പദ്ധതിയിൽ കൂടുതൽ കർശന പരിശോധനകളും നിയന്ത്രണങ്ങളും അനിവാര്യമാണെന്നുമാണ് ഏബട്ടിന്റെ നിലപാട്.




