കൊല്ലം ∙ വയനാട്ടിൽ മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് വാങ്ങുന്ന കാര്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾക്കായി സംസ്ഥാന സർക്കാർ. മധ്യപ്രദേശ് മുന്നോട്ടുവച്ച വിലയുടെ കാര്യത്തിലാണു ധാരണയിലെത്തേണ്ടത്. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഡൽഹി റസിഡന്റ് കമ്മിഷണറും അഡിഷനൽ ചീഫ് സെക്രട്ടറിയുമായ പുനീത് കുമാറിനെ സംസ്ഥാന സർക്കാർ നിയോഗിച്ചു.
എസ്റ്റേറ്റ് ഏറ്റെടുക്കുകയെന്നത് വയനാട്ടിലെ ജനപ്രതിനിധികളുടെ നിരന്തര ആവശ്യമായിരുന്നു. ഇത് 280 കോടി രൂപയ്ക്ക് കേരളത്തിനു നൽകാൻ തയാറാണെന്നാണു മധ്യപ്രദേശ് അറിയിച്ചിരിക്കുന്നത്. വിലയുടെ കാര്യത്തിൽ ധാരണയിലെത്തിയാൽ രണ്ടു പതിറ്റാണ്ടിലേറെയായി നടക്കുന്ന അവകാശത്തർക്കത്തിലും ധാരണയാകും.
കാപ്പിയും കുരുമുളകും ഉൾപ്പെടുന്ന എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം മധ്യപ്രദേശ് സർക്കാർ സ്ഥാപനമായ പ്രൊവിഡന്റ് ഇൻവെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡിനാണ് (പിഐസിഎൽ). എസ്റ്റേറ്റിന്റെ 65 ഹെക്ടറോളം ഭൂമിയിൽ 160 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കേരളം ഇൗ എസ്റ്റേറ്റ് വാങ്ങുന്നതിനു നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നു. നഷ്ടപരിഹാരം ഈടാക്കി എസ്റ്റേറ്റ് കേരളത്തിനു കൈമാറാൻ തയാറാണെന്ന് മധ്യപ്രദേശ് സർക്കാർ മാർച്ച് 17നു കേരളത്തെ അറിയിച്ചു. പിന്നീട് കേരളത്തിന്റെയും മധ്യപ്രദേശ് സർക്കാരിന്റെയും ചീഫ് സെക്രട്ടറിമാർ ചർച്ചചെയ്ത് ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി മൂല്യം നിർണയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 280 കോടി രൂപ മധ്യപ്രദേശ് ആവശ്യപ്പെട്ടത്. ബത്തേരി നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റ് ഏറ്റെടുത്ത് സ്ഥലം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
1877 ഫെബ്രുവരിയിലാണ് ബ്രിട്ടിഷ് ഉടമകളിൽ നിന്നു മധ്യപ്രദേശിലെ മൂന്നു വ്യവസായികൾ ബീനാച്ചി എസ്റ്റേറ്റ് വാങ്ങിയത്. ഭൂമി പണയപ്പെടുത്തി വായ്പയെടുത്ത ഇവർ തിരിച്ചടവ് മുടക്കിയതോടെ പ്രൊവിഡന്റ് ഇൻവെസ്റ്റ്മെന്റ് കമ്പനി എസ്റ്റേറ്റ് ഏറ്റെടുത്തു. ഗ്വാളിയർ രാജവംശവുമായി ബന്ധപ്പെട്ട സ്ഥാപനമായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തരം ഗ്വാളിയർ ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും ഭരണപരമായ മാറ്റങ്ങളിലൂടെ കമ്പനിയുടെ നിയന്ത്രണം മധ്യപ്രദേശ് സർക്കാരിന്റെ കൈകളിലെത്തുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിലെ ഭൂമി മറ്റൊരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലായത്. പ്രൊവിഡന്റ് ഇൻവെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ് (പിഐസിഎൽ) എന്ന മധ്യപ്രദേശ് സർക്കാർ സ്ഥാപനത്തിന്റെ പേരിലാണ് ഇപ്പോൾ എസ്റ്റേറ്റ്. മധ്യപ്രദേശ് സർക്കാർ കേരളത്തിൽ ഭൂനികുതി അടയ്ക്കുന്നുണ്ട്.


