തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി. എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരാണ് കാണാതായവർ.
ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹവും 29 ശരീരഭാഗങ്ങളും ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിൽ ലഭിച്ച 9 മൃതദേഹങ്ങളിൽ 8 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ശേഷിക്കുന്നവയുടെ തിരിച്ചറിയൽ നടപടികൾ തുടരുകയാണ്. ഡിഎൻഎ ഫലം മൂന്ന് ദിവസത്തിനകം ലഭ്യമാകും.
വെടിക്കെട്ട് നിർമാണശാലയിൽ സുരക്ഷാനിബന്ധനകൾ പാലിച്ചിരുന്നോയെന്നതും പരിശോധിക്കുന്നു. സ്ഥലത്തെ പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. സമീപത്തെ കുളത്തിൽ നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങൾ കണ്ടെത്താനായില്ല.




