മൈസൂരു: കുടുംബവീട്ടിലെ കൃഷിയിടം സന്ദർശിക്കുന്നതിനിടെ മാങ്ങ പറിക്കാൻ ശ്രമിച്ച ടെക്കി യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ബെംഗളൂരുവിൽ ഐടി മേഖലയിലെ ജീവനക്കാരനായ കുടക് സ്വദേശി ഹൊസോക്ലു റോഷൻ ബാലകൃഷ്ണ (43) ആണ് ദാരുണമായി മരിച്ചത്.
കുടുംബത്തോടൊപ്പം ബെംഗളൂരുവിലെ ജാലഹള്ളിയിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന റോഷൻ, കുടുംബത്തിന്റെ കാപ്പിത്തോട്ടത്തിന്റെ മേൽനോട്ടവും വഹിച്ചുവരികയായിരുന്നു. മൈസൂരു ജില്ലയിലെ യെൽവാലിന് സമീപമുള്ള കുടുംബസ്വത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് അപകടമുണ്ടായത്.
വൈകുന്നേരം കുടുംബാംഗങ്ങളോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഇവർ സ്വന്തം സ്ഥലത്തിന് സമീപം വാഹനം നിർത്തി. തുടർന്ന് മാവിൽ നിന്ന് മാങ്ങ പറിക്കാനായി റോഷൻ പറമ്പിലേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് ഇടിമിന്നലേറ്റ് അദ്ദേഹം കുഴഞ്ഞുവീണത്.
ഉടൻ തന്നെ കുടുംബാംഗങ്ങൾ സമീപത്തെ എൻജി ആശുപത്രിയിലും പിന്നീട് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മടിക്കേരിക്കടുത്തുള്ള ഹെരവനാട് ഗ്രാമത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനുമാണ് റോഷന്റെ കുടുംബത്തിലുള്ളത്.






