കൊല്ലം: പട്ടാപ്പകൽ 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ 55 കാരനായ ആർ. രാജുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ 64കാരി തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് മകന്റെ ഭാര്യ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
ഇരവിപുരം പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരവിപുരം സി.ഐ. പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






