കൊച്ചി: വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ 58-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പാലാവയൽ സ്വദേശി മലങ്കടവ് നെടുങ്ങനാൽ സന്തോഷ് ജോസ് ആണ് പിടിയിലായത്. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. മാട്രിമോണി സൈറ്റ് വഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു.
ആലപ്പുഴ സ്വദേശിനിയായ 59-കാരിയാണ് പരാതിക്കാരി. ഇവരെ മാട്രിമോണി വഴി പരിചയപ്പെട്ട പ്രതി പിന്നീട് എറണാകുളത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലിസി ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
എറണാകുളം നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ പ്രമോദ്, സന്തോഷ് ജോർജ്, എ.എസ്.ഐ.മാരായ ജയ, സജിത, സി.പി.ഒ.മാരായ റിനു, അജിലേഷ്, പ്രദീപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ മുൻപും സമാനമായ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വഞ്ചന കേസുകളിലും ഇയാൾ പ്രതിയാണെന്നും പോലീസ് അറിയിച്ചു.




