ന്യൂഡൽഹി: ഡൽഹിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി സംശയിക്കുന്ന ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഇവരെ പിടികൂടിയത്. സുപ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. പ്രതികളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
പാകിസ്ഥാനിലെ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന സംഘമാണിതെന്നും, മുംബൈ അധോലോക ശൃംഖലയുമായി ബന്ധമുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സുരക്ഷാ ഭീഷണികൾ വർധിച്ചതിനെ തുടർന്നാണ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഡൽഹി പൊലീസിൽ അടുത്തിടെ മാറ്റങ്ങൾ വരുത്തിയിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും തീവ്രവാദ വിരുദ്ധ യൂണിറ്റുകൾ (CTU) രൂപീകരിക്കാനും താഴെത്തട്ടിലുള്ള രഹസ്യവിവര ശേഖരണം ശക്തമാക്കാനും പൊലീസ് കമ്മീഷണർ നടപടി സ്വീകരിച്ചിട്ടുണ്ട്.
എൻക്രിപ്റ്റ് ചെയ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, പ്രാദേശിക സ്ലീപ്പർ സെല്ലുകൾ എന്നിവ ഉപയോഗിച്ച് വിദേശ തീവ്രവാദ സംഘടനകൾ ആളുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു.





