തിരുവനന്തപുരം: കേരളാ പോലീസിനെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് ഏതാണ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണികൾ ഗൗരവത്തിലെടുത്ത് വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. എന്നാൽ സന്ദേശങ്ങൾ വരുന്ന ഇ മെയിൽ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാത്തതിൽ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വന്നതോടെ പോലീസ് വിഷയം ഗൗരവത്തിലെടുത്തു. വിഴിഞ്ഞം പോര്‍ട്ട് രാജ്യത്തിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താന്‍ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണുള്ളത്.
രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതിന്റെ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നു. അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണികള്‍ ടെസ്റ്റ് ഡോസാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സുകള്‍ കേരളത്തിൽ വ്യാപകമായ നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇ മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് സൈബര്‍ പോലീസിന്റെ വീഴ്ചയായാണ് ഇന്റലിജന്‍സ് വിഭാഗം കണക്കാക്കുന്നത്.






