ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ ആര്‍സനലിന് കാലിടറി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് ആര്‍സനലിനെ കീഴ്‌പ്പെടുത്തി. നാലാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബെലെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. രണ്ടാം പാദ സെമി പിഎസ്ജിയുടെ തട്ടകത്തില്‍ അടുത്ത ബുധനാഴ്ച നടക്കും. ബാര്‍സിലോന ഇന്റര്‍ മിലാന്‍ രണ്ടാം സെമിയുടെ ആദ്യപാദം ഇന്നു രാത്രിയാണ്.
ഗോള്‍കീപ്പര്‍ ഡേവിഡ് റയയുടെ തകര്‍പ്പന്‍ സേവുകളാണ് ആര്‍സനലിനെ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ കാത്തത്. പിഎസ്ജിയുടെ ബ്രാഡ്ലി ബാര്‍ക്കോളയ്ക്കു ലഭിച്ച ഗോള്‍ പുറത്തേക്ക് അടിച്ച് പാഴാക്കിയപ്പോള്‍, ഗോണ്‍സാലോ റാമോസിന്റെ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി തെറിച്ചു.
തുടക്കത്തിലെ മന്ദതയ്ക്കു ശേഷം ആര്‍സനല്‍ തിരിച്ചുവന്നെങ്കിലും പിഎസ്ജിക്ക് ഗോള്‍മുഖത്ത് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണാരുമയും രക്ഷകനായി. ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ അവിശ്വസനീയമായാണ് ഡൊണ്ണാരുമ തട്ടിയകറ്റിയത്.
ആര്‍സനല്‍ താരങ്ങളായ ഡിസൈര്‍ ഡോവ്, ഗബ്രിയേല്‍ മാര്‍ട്ടിനല്ലി, ലിയാന്ദ്രോ ട്രൊസാര്‍ഡ് തുടങ്ങിയവര്‍ക്കു ലഭിച്ച ഉറച്ച അവസരങ്ങള്‍ ഡൊണ്ണാരുമ തട്ടിയകറ്റുകയായിരുന്നു. ഡെക്ലാന്‍ റൈസിന്റെ ഫ്രീകിക്കില്‍നിന്ന് മൈക്കല്‍ മെറീനോ ഹെഡറിലൂടെ സമനില ഗോള്‍ നേടിയെന്ന് ഉറപ്പിച്ചെങ്കിലും അത് ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങിയതും ആര്‍സനലിന് തിരിച്ചടിയാകുകയായിരുന്നു.






