കൊച്ചി: പെരുമ്പാവൂരില്‍ 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. 10 സോപ്പുപെട്ടി ബോക്‌സുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാളും പിടിയിലായവരില്‍ പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം .
അസം നൗഗാവ് സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന്‍ (32), സദ്ദാം ഹുസൈന്‍ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെമ്പറക്കി ഭാഗത്തുവെച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളിലൊരാളാണ് പിടിയിലായ ഷുക്കൂര്‍ അലി.
ഷുക്കൂറിന്റെ നേതൃത്വത്തില്‍ ഹെറോയിന്‍ കടത്തുന്നതായി വിവരം ലഭിച്ചതിനു ശേഷം പിടിയിലായവര്‍ നിരീക്ഷണത്തിലായിരുന്നു. അസമില്‍നിന്ന് ബോക്‌സ് ഒന്നിന് 30,000 രൂപ നിരക്കില്‍ വാങ്ങുന്ന ഹെറോയിന്‍ ഇവിടെ എഴുപതിനായിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അസമില്‍നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ആലുവയില്‍ എത്തി, തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് ഇവരെ പിടികൂടിയത്.






