കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി വകുപ്പ്.
ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ഡിജിറ്റലായി ടിക്കറ്റ് ചാര്‍ജ് അടയ്ക്കാനുള്ള സംവിധാനം പകുതിയോളം കെഎസ്ആര്‍ടിസി ബസുകളില്‍ വിജയകരമായി നടപ്പാക്കിയതോടെയാണ് കൂടുതല്‍ ബസുകളിലേക്കു കൂടി സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. നടപ്പാക്കിയ ബസുകളില്‍ കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാല് സംഭവം വിജയകരമാണെന്ന വിലയിരുത്തലിലാണ് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്.
ചലോ ആപ് വഴിയാണ് ഓണ്‍ലൈനായി പണമടയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ നടപ്പാക്കുന്നത്. നിലവില്‍ ടിക്കറ്റ് എടുക്കാന്‍ മാത്രമാണ് സാധിക്കുന്നതെങ്കിലും ഭാവിയില്‍ നിരവധി സൗകര്യങ്ങളാണ് ആപ് വഴി ഒരുക്കുന്നത്. ആപ്പിലൂടെ ഏതൊക്കെ റൂട്ടില്‍ ഏതൊക്കെ ബസ് ഉണ്ടെന്ന് യാത്രക്കാരന് അറിയാന്‍ സാധിക്കും. ബസ് എവിടെയെത്തിയെന്നും അറിയാന്‍ കഴിയും. യാത്ര തുടങ്ങുന്നതിന് മുന്‍പു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും ബസില്‍ എത്ര യാത്രക്കാരുണ്ടെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
മുംബൈ ആസ്ഥാനമായ ചലോ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചലോ ആപ്പ് തിരുവനന്തപുരത്താണ് ആദ്യം പരീക്ഷിച്ചത്. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ബസ് ഓടുന്നതിനിടെ റെയ്ഞ്ച് ലഭിക്കാതെ വന്നാല്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കാതെ വരും. ഇതിനിടെ തിരുവനന്തപുരത്ത് സെര്‍വറിന് തകരാര്‍ സംഭവിച്ചതും പ്രശ്നമായിരുന്നു. ഉപയോഗിക്കുന്നതിനുള്ള പരിചയക്കുറവു മൂലം കണ്ടക്ടര്‍മാര്‍ ഉപയോഗിക്കാന്‍ മടിക്കുന്നുമുണ്ട്. അതേസമയം, ചില സ്വകാര്യ ബസുകള്‍ ഈ സംവിധാനം ഉപയോഗിച്ചശേഷം പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കണ്ടശേഷം ഉപേക്ഷിച്ചതാണെന്നും ചില കണ്ടക്ടര്‍മാര്‍ പറയുന്നു.






