ന്യൂയോര്‍ക്ക്: ഒറ്റ രാത്രിയില്‍ 367ഓളം ഡ്രോണുകള്‍ യുക്രൈയ്നെതിരെ മോസ്കോ വര്‍ഷിച്ചതിന് പിന്നാലെ വ്ളാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുടിനെ ഭ്രാന്തനെന്നാണ് ട്രംപ് വിമര്‍ശിച്ചത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പുടിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചത്. യുക്രൈയ്ന് മുഴുവന്‍ വേണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അത് റഷ്യയുടെ പതനത്തിന് കാരണമാകുമെന്ന് ട്രംപ് പറഞ്ഞു. അനാവശ്യമായി പുടിന് ആളുകളെ കൊല്ലുന്നുവെന്നും ട്രംപ് വിമര്‍ശിച്ചു.
”പുടിന് ചെയ്യുന്ന കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടനല്ല,” റഷ്യയുടെ പ്രതികരണം അനാവശ്യമാണെന്നും താന്‍ കാണുന്ന കാര്യങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ട്രംപ് പറഞ്ഞു. ‘നമ്മള് സംസാരിക്കുന്നതിനിടയിലാണ്, അദ്ദേഹം യുക്രൈനിലെക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകള്‍ അയക്കുന്നത്. എനിക്ക് അത് ഒട്ടും ഇഷ്ടമല്ല… ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.’ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പുടിനു പുറമെ യുക്രൈയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെയും ട്രംപ് വിമര്‍ശിക്കുന്നുണ്ട്. സെലെന്‍സ്കിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തികളിലൂടെ തന്റെ രാജ്യത്തിന് ഒരു ഉപകാരവും ചെയ്യുന്നില്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. ‘അവന്റെ വായില്‍ നിന്ന് വരുന്നതെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്, എനിക്ക് അത് ഇഷ്ടമല്ല, അത് നിര്‍ത്തുന്നതാണ് നല്ലത്.’ ട്രംപ് കുറിച്ചു.
2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ആദ്യമായാണ് ഇത്രയധികം ഡ്രോണുകള്‍ മോസ്കോ യുക്രൈനെതിരെ വര്‍ഷിക്കുന്നത്. പന്ത്രണ്ടിേലറെ പേരാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. ആഗോള തലത്തില്‍ യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും ആവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദം ശക്തമാവുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വലിയ രീതിയില്‍ യുക്രൈനെതിരെ ഡ്രോണ്‍ ആക്രമണം നടന്നത്.
അതേസമയം, റഷ്യയും യുക്രൈയ്നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം പൂര്‍ത്തിയായി, ഈ മാസം ആദ്യം തുര്‍ക്കിയില്‍ നടന്ന നേരിട്ടുള്ള ചര്‍ച്ചകളില്‍ ഇത് സംബന്ധിച്ച ധാരണയിലെത്തി. തടവുകാരുടെ കൈമാറ്റം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇരുപക്ഷവും കരട് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറുമെന്ന് ലാവ്റോവ് നേരത്തെ പ്രസ്താവിച്ചിരുന്നു.



