കൊച്ചി: ചുരുളി സിനിമ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ ജോജുവിന് നല്‍കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്‍വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെ വിമര്‍ശിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെയാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തത്.
ജോജുവിന് അഞ്ച് ലക്ഷത്തിലേറെ രൂപ നല്‍കിയതിന്റെ രേഖകളാണ് ലിജോ പുറത്തുവിട്ടത്. സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അവസരമുണ്ടായാല്‍ ചിത്രം എന്തായാലും തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു.
ചിത്രത്തില്‍ താന്‍ തെറി പറയുന്ന പതിപ്പ് അവാര്‍ഡിന് മാത്രമേ അയയ്ക്കൂ എന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ജോജു ജോര്‍ജിന്റെ ആരോപണം. തുണ്ട് കടലാസിനു പകരം സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്‍ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞിരുന്നു.
പ്രതിഫലം അല്ല വിഷയമെന്നും അതിനേക്കാള്‍ ഈ സിനിമയിലെ അസഭ്യ പരാമര്‍ശങ്ങള്‍ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കി. ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞു. ഈ ഒരു വൈകാരിക ബുദ്ധിമുട്ട് മാത്രമാണ് താന്‍ പങ്കു വെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.






