കോഴിക്കോട്: നരിക്കുനിയിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഒമ്പത് വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഐഎംസിഎച്ചിലെ ഐസിയുവിൽ ചികിത്സയിലാണ്.
പറമ്പിൽ ബസാർ സ്വദേശിയായ വിനേഷ് കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ നരിക്കുനി–കൊടുവള്ളി റോഡിലെ കടമുറിക്കുള്ളിൽ നിന്ന് പുക ഉയരുന്നതും ശബ്ദം കേൾക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
നരിക്കുനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഷട്ടർ തുറന്ന് പരിശോധിച്ചപ്പോൾ പുക ശ്വസിച്ച് അവശയായ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിനേഷ് കുമാറിനെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊടുവള്ളി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണത്തിന് കാരണമെന്നതും മറ്റാർക്കും പങ്കില്ലെന്നുമാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ദുരൂഹതകളില്ലെന്നാണ് പ്രാഥമിക പോലീസ് വിലയിരുത്തൽ.





