തൃശ്ശൂര്‍: സുവോളജിക്കല്‍ പാര്‍ക്കില്‍ പെറ്റ് സൂവിന്റെയും വെര്‍ച്വല്‍ സൂവിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. സുവോളജിക്കല്‍ പാര്‍ക്കിലെ ഡിയര്‍ സഫാരി പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടന ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പെറ്റ് സൂ ആരംഭിക്കുന്നതിന്റെ ധാരണ ഉണ്ടാക്കിക്കഴിഞ്ഞു. കുട്ടികള്‍ക്ക് അരുമ മൃഗങ്ങളുമായി ഉല്ലസിക്കാനുള്ള സാധ്യതയാണ് ഇവിടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൂവില്‍ വരുന്ന കുട്ടികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പൂര്‍ണ്ണമായിട്ടുള്ള സഹായത്തോടെ മൃഗങ്ങളെ കെട്ടിപ്പിടിക്കാനും, നാല് തരത്തിലുള്ള രാജ്യങ്ങളിലെ സഫാരി സൂ അനുഭവങ്ങള്‍ വെര്‍ച്വലായി കുറഞ്ഞ സ്ഥലത്ത് നിന്ന് കാണാനും പറ്റുന്ന പ്രത്യേക സംവിധാനമാണ് വെര്‍ച്വല്‍ സൂവില്‍ ഒരുക്കുന്നത്. കണ്ണട വെച്ച് കാണുന്ന സംവിധാനമല്ല, അവര്‍ക്ക് യാത്ര ചെയ്യാനും ഇഷ്ടമുള്ള മൃഗങ്ങളെ തൊട്ട് നിന്ന് കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്നും 45 മിനുറ്റോളം യാത്ര തോന്നിക്കും വിധത്തിലുള്ള വെര്‍ച്വല്‍ സൂ ഒരുക്കാനുള്ള സൗകര്യങ്ങള്‍ ഓഗസ്റ്റ് 15ന് നേരിട്ട് പരിശോധിക്കുമെന്നും ആവശ്യമായ സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. മറ്റു മൃഗശാലകളില്‍ നിന്നും മൃഗങ്ങളെ കൊണ്ടുവരുന്നതും പാര്‍ക്ക് ശുചീകരണവും മാത്രമാണ് ബാക്കിയായിട്ടുള്ളത്. കര്‍ണാടകയില്‍ നിന്നും 246 തരം മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരുന്നതിന് നടപടികള്‍ അവസാന ഘട്ടത്തിലാണ്. വിദേശത്ത് നിന്ന് അഞ്ച് തരത്തിലുള്ള പക്ഷികളെ കൊണ്ടുവരുന്നതിനുള്ള നടപടികളുമായും മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.




