ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ഡല്‍ഹിയിലുള്ള വസതിയിലായിരുന്നു സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സഹോദരനൊപ്പം എത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ഒപ്പം ഉണ്ടായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ എത്തുന്നത്.
നന്ദി പറയാനാണ് കന്യാസ്ത്രീകള്‍ എത്തിയതെന്നും കേസിന്റെ മുന്നോട്ടുപോക്കില്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേസില്‍ നിലവില്‍ ജാമ്യം മാത്രമാണ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളുമായി മുന്നോട്ടു പോകും. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരേ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.




